ആരോഗ്യകരമായ ജീവിതത്തിന് ആഹാരത്തില്‍ സാലഡുകള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
സാലഡിലുള്ള പച്ചക്കറികളിലും പഴങ്ങളിലുമടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരാവയവങ്ങളെ പരിപാലിക്കുന്നു.
പഴങ്ങള്‍ കൊണ്ടുണ്ടാക്കിയ സാലഡ്, പച്ചക്കറിസാലഡ് ,മുട്ട,മാസം ഇവകൊണ്ടുള്ള സാലഡ് , അങ്ങനെ സാലഡുകളില്‍ വൈവിധ്യം
ഏറിവരികയാണ്. മാറിയ ആഹാരശൈലിയുടെ അപകടങ്ങളെ തടഞ്ഞു നിര്‍ത്താന്‍ സാലഡ് കേമനാണ് .മലബന്ധം,
ശരീരശോഷണം , കാഴ്ചസംബന്ധമായ തകരാറുകള്‍ ഇവയ്ക്കൊക്കെ സാലഡ് ഏറെ ഫലപ്രദമാണ് .
സാലഡില്‍ ലെറ്റ്യൂസ് ഇലകള്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ സിയും ധാതുലവണങ്ങളും ലഭിക്കുന്നു.
ഇതില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് വിളര്‍ച്ചക്ക് ഉത്തമമാണ്. ഒപ്പം പ്രമേഹ രോഗികള്‍ക്കും ലെറ്റ്യൂസ് ഇലകള്‍ ആശ്വാസം
നല്‍കുന്നു. വെള്ളരിക്കയിലാകട്ടെ കാര്‍ബോഹൈഡ്രേറ്റ് , തയാമിന്‍ , റിബോഫ്ലാവിന്‍ , കാത്സ്യം , ഇരുമ്പ്, ഫോസ്ഫറസ് ,
തുടങ്ങി ദേഹബലത്തിന്‍റെ എല്ലാ ചേരുവകളും നിറഞ്ഞിരിക്കുന്നു. കിഴങ്ങുവര്‍ഗ്ഗത്തിലെ റാണിയായ കാരറ്റ് സാലഡില്‍ അരിഞ്ഞു
ചേര്‍ക്കുമ്പോള്‍ കരോട്ടിന്‍റെ ഒരു കലവറയാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.
ആസ്വാദ്യകരമായ സാലഡുകള്‍ മാറി മാറി പരീക്ഷിക്കുക . ഉള്ളി, പപ്പായ പേരയ്ക്ക, മുളപ്പിച്ച ചെറുപയര്‍ , സവാള, വെള്ളരിക്ക,
പൈനാപ്പിള്‍ ഇവയെല്ലാം വ്യത്യസ്ത രീതിയില്‍ ഉപയോഗിക്കാം. . ചെറുപയര്‍ മുളപ്പിച്ചത് , ആവിയില്‍ വേവിച്ച തക്കാളി, മല്ലിയില,
കായപ്പൊടി, കട്ടത്തൈര് എന്നിവ ചേര്‍ത്ത് കഴിക്കാം. കാബേജ്, കാരറ്റ് കൂട്ടാണെങ്കില്‍ അല്പം കിസ്മിസ് ചേര്‍ത്താല്‍ രുചിയേറും.
സാലഡുകള്‍ തയ്യാറാക്കുന്നതിലും ചില അലങ്കാര പണികള്‍ ഉണ്ട്. പച്ചക്കറികളുടെ ആകൃതിക്കും നിറത്തിനും അനുയോജ്യമായി
അലങ്കരിക്കുന്നത് ഒരു കലയാണ്. ഇറച്ചിയുടെ കൊഴുപ്പിനെ ബാലന്‍സ് ചെയ്യുന്ന രീതിയില്‍ പച്ചക്കറികളും ധാന്യങ്ങളും ഇലകളും
ചേര്‍ത്താണ് ചിക്കനും മുട്ടയും അടങ്ങിയ സാലഡുകള്‍ ക്രമീകരിക്കുന്നത്. ഉഷ്ണകാലത്ത് സാലഡുകള്‍ നല്ലൊരു ദാഹശമനി
കൂടിയാണ്. സല്‍ക്കാര വേളകളിലും മറ്റും ഒഴിച്ചുകൂടാന്‍ പറ്റാത്ത വിഭവമായി ഇന്ന് സാലഡുകള്‍ മാറിക്കഴിഞ്ഞു.
|