top of page

“അങ്ങ് കാന്തമാണ്, ഞാന്‍ ഇരിമ്പും…”

യേശുദാസിന് താളംപിടിച്ചുകൊടുത്ത ഹരിശ്രീ മാര്‍ട്ടിന്‍!

യേശുദാസ് സ്റ്റേജില്‍ പാടുമ്പോള്‍ ഗാനമാസ്വദിച്ചാസ്വദിച്ച് സ്റ്റേജില്‍ കയറി യേശുദാസിന് താളംപിടിച്ചുകൊടുത്ത ആളാണ് പ്രശസ്ത മിമിക്രി-ഹാസ്യതാരം ഹരിശ്രീ മാര്‍ട്ടിനെന്ന് രമേശ് പിഷാരടി.മലയാളത്തിലെ ആദ്യത്തെ സ്റ്റാന്‍റ് അപ് കോമഡി ഷോ ആയ അമൃത ടി വിയുടെ ‘ഫണ്‍സ് അപ്പോണ്‍ എ ടൈമി’ന്‍റെ ഓണാഘോഷങ്ങളുടേ ഭാഗമായി മിമിക്രിരംഗത്തെ അതികായന്മാരെന്നു വിശേഷിപ്പിക്കാവുന്ന ഹാസ്യകലാകാരന്മാര്‍ ഒത്തുചേര്‍ന്ന വേദിയില്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന വേളയിലാണ് പിഷാരടിയുടെ വെളിപ്പെടുത്തല്‍.


ബോംബെയിലെ ഷണ്‍മുഖാനന്ദ ഹാളിലായിരുന്നു പരിപാടി. ഗാനമേള ആരംഭിക്കുന്നതിനുമുന്‍പ് സ്റ്റേജിന്‍റെ പിറകിലെത്തി യേശുദാസ് തങ്ങളെയെല്ലാംകണ്ട് പരിചയപ്പെട്ട് പോയി. പിന്നീട് ഗാനമേള കേള്‍ക്കാനിരുന്ന ഹരിശ്രീ മാര്‍ട്ടിനെ പരിപാടി തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ കാണാനില്ല! അപ്പോഴാണ് സ്റ്റേജില്‍നിന്നു പാടുന്ന യേശുദാസിന്‍റെ അരികില്‍നിന്ന് താളംപിടിക്കുന്ന മാര്‍ട്ടിനെ കണ്ടത്.


അതാരാണെന്ന് യേശുദാസ് ചോദിച്ചപ്പോള്‍ അതൊരു താളംതെറ്റിയ ആളാണെന്ന് മറ്റുള്ളവര്‍ പറഞ്ഞെന്ന് ഇതിനിടയില്‍ കലാഭവന്‍ യൂസഫിന്‍റെ കമന്‍റ്.



പാടുന്നതിനിടയില്‍ യേശുദാസ് മാര്‍ട്ടിനെ സ്റ്റേജില്‍നിന്നും കൊണ്ടുപോകാന്‍ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. രണ്ട് സംഘാടകര്‍വന്ന് മാര്‍ട്ടിനെ പിടിച്ചു താഴേക്ക് കൊണ്ടുപോകാന്‍ നോക്കിയെങ്കിലും അദ്ദേഹം വരാന്‍ കൂട്ടാക്കിയില്ല.

പാട്ടിനുശേഷം സ്റ്റേജില്‍നിന്നിറങ്ങിവന്ന യേശുദാസ്, ‘എന്താണ് താന്‍ സ്റ്റേജിലേക്ക് കയറിവന്നത്?’ എന്നു ചോദിച്ചു. ‘അങ്ങ് കാന്തമാണ്, ഞാന്‍ ഇരിമ്പും…!’ എന്നായിരുന്നു ഹരിശ്രീ മാര്‍ട്ടിന്‍റെ മറുപടി!!!


മിമിക്രി കാസറ്റുകളില്‍ അതിമനോഹരമായി ഹൈറേഞ്ചില്‍ പാടിയിട്ടുള്ള ഗായകനാണ് മാര്‍ട്ടിനെന്ന് കലാഭവന്‍ ജോഷി. മാര്‍ട്ടിന്‍ പാടി പ്രശസ്തമാക്കിയ “അത്തള പിത്തള തവളാച്ചി

ചുക്കുമേരിക്കണ ചൂളാപ്പ്…

മറിയം വന്ന് വിളക്കൂതി

ഫൂ ഫൂ ഫൂ…” എന്ന നാടന്‍കളിപ്പാട്ടാണ് തന്നെ എന്നും വിളിച്ചുണര്‍ത്തുന്ന അലാറം ട്യൂണെന്നും ജോഷി പറഞ്ഞു. 1990കളിലുംമറ്റും സൂപ്പര്‍ഹിറ്റായിരുന്ന കോമഡി പാരഡി ആല്‍ബങ്ങളായിരുന്നു പ്രശസ്ത മിമിക്രി കലാകാരന്മാര്‍ ഒരുമിച്ച ‘ദേ മാവേലി കൊമ്പത്ത്’, ‘ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം’ തുടങ്ങിയ കാസറ്റുകള്‍.



bottom of page