top of page

“അഭിനേതാക്കള്‍ക്ക് വേണ്ടുന്നത് ആ ഗുണമാണ്. അതാണ് മോഹന്‍ലാലിന്‍റെ യുവത്വത്തിന്‍റെ രഹസ്യം!”- മണിയൻപിള്ള രാജു



മലയാളചലച്ചിത്രരംഗത്തെ മികച്ച അഭിനേതാവെന്നതിലുപരി തന്‍റെ ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മണിയൻപിള്ള രാജു. 250-ലധികം മലയാള സിനിമകളിൽ അഭിനയിച്ച രാജു, ചലച്ചിത്ര നിർമാണ രംഗത്തും സജീവ സാന്നിധ്യമാണ്. 1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ ‘മോഹിനിയാട്ട’മാണ് ആദ്യ ചലച്ചിത്രം. 1981-ൽ ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’യാണ് രാജു നായകനായി അഭിനയിച്ച ആദ്യ ചിത്രം.


അമൃത ടി വിയുടെ സൂപ്പര്‍ കോമഡി ഷോ ‘കോമഡി മാസ്റ്റേഴ്സി’ന്‍റെ വേദിയില്‍ അതിഥിയായി മണിയന്‍പിള്ള രാജു എത്തിയിരുന്നു. ഏത് പ്രായക്കാരുടെകൂടെയും യോജിച്ചുപോകുന്ന ഒരു വൈബാണ് അദ്ദേഹത്തിനുള്ളതെന്ന് അവതാരക എലീന പടിക്കലിന്‍റെ കമന്‍റ്.  “നമ്മുടെയുള്ളില്‍ ഒരു കുസൃതിയുണ്ടാകണം, അഭിനേതാക്കള്‍ക്ക് പ്രത്യേകിച്ചും. എന്ന് അയാളിലെ കുസൃതിയും കുട്ടിത്തവും നിന്നോ, അന്ന് അയാള്‍ വയസ്സായി. മോഹന്‍ലാലിനെ നോക്കൂ, ഈ പ്രായത്തിലും, അദ്ദേഹത്തിന് വലിയ പ്രായമായിട്ടില്ലെങ്കിലും, കുസൃതിയെന്നത് അദ്ദേഹത്തിന്‍റെ കൂടപ്പിറപ്പല്ലേ?”, മണിയന്‍പിള്ളരാജു പറയുന്നു. അതാണ് മോഹന്‍ലാലിന്‍റെ യുവത്വത്തിന്‍റെ രഹസ്യം. അത് അനുകരിക്കുമെന്നല്ല താന്‍ പറയുന്നത്. അങ്ങനെ ഒരുപാടുപേരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




ഇത് മണിയന്‍പിള്ള രാജു മുന്‍പ് പറഞ്ഞത് താന്‍ കേട്ടിട്ടുണ്ടെന്നും അതിനുശേഷം താന്‍ കുസൃതി വളരെ കൂട്ടിയെന്നും ഗിന്നസ് പക്രു. പക്രുവിന് കുസൃതി വളരെ കൂടുതലാണെന്നായിരുന്നു നാദിര്‍ഷയുടെ കമന്‍റ്.


മണിയന്‍പിള്ള രാജു നായകവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനിയൊരു നായകവേഷം കിട്ടിയാല്‍ എന്ത് കഥാപാത്രം തിരഞ്ഞെടുക്കുമെന്ന എലീനയുടെ ചോദ്യത്തിന് രാജുവിന്‍റെ മറുപടിയിങ്ങനെ- “‘Beggars can't be choosers’ എന്നു പറയാറില്ലേ. നമുക്ക് ഒന്നും തിരഞ്ഞെടുക്കാന്‍ പറ്റില്ല. ചിലര്‍ പറയും എനിക്ക് കര്‍ണ്ണനായിട്ട് ചെയ്യണം, ഭീമനായിട്ട് ചെയ്യണം എന്നൊക്കെ. ആരെങ്കിലുമൊരാള്‍ സ്ക്രിപ്റ്റെഴുതാനും അത് ഡയറക്ട് ചെയ്യാനും അതിനുവേണ്ടി പണംമുടക്കാനും വരുമ്പോഴല്ലേ നമുക്കൊരു വേഷം കിട്ടുന്നത്. നമ്മുടെ ഇഷ്ടത്തിനല്ല വേഷങ്ങള്‍, മറിച്ച് നമ്മളെത്തേടി വരുന്ന വേഷങ്ങള്‍ നമ്മള്‍ ചെയ്യുകയെന്നതാണ്.”


മണിയന്‍ പിള്ള രാജു എന്ന പേരാണോ സുധീര്‍ കുമാറെന്ന പേരാണോ കൂടുതലിഷ്ടം എന്നതായിരുന്നു എലീനയുടെ അടുത്ത ചോദ്യം. തനിക്കിഷ്ടമുള്ള പേര് തന്നെ വീട്ടില്‍ വിളിക്കുന്നതും ബന്ധുക്കള്‍ വിളിക്കുന്നതും അമ്പലത്തിലിട്ടതുമായ രാജു എന്ന പേരാണ്. സുധീര്‍ എന്നു വിളിക്കുന്നത് തന്‍റെ കൂടെ മോഡല്‍ സ്കൂളിലും മറ്റും പഠിച്ചവര്‍ മാത്രമായിരിക്കുമെന്നും രാജുച്ചേട്ടന്‍ എന്നു വിളിച്ചു കേള്‍ക്കുന്നതാണ് തനിക്കിഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ മൂളിപ്പാട്ടുപോലും പാടാത്ത ആളാണെന്ന് രാജു. ബാത്ത്റൂമില്‍പോലും താന്‍ പാടാറില്ല. പണ്ട് തന്‍റെ അപ്പൂപ്പന് വാക്കുകൊടുത്തതാണെന്നും ഒരു ദിവസം താന്‍ പാടിയപ്പോള്‍ ‘ഞാന്‍ മരിച്ചാലും നീ മരിക്കുന്നതുവരെ പാടരുതെ’ന്ന് അദ്ദേഹം സത്യംചെയ്യിപ്പിച്ചുവെന്നും അപ്പോഴേ തന്‍റെ താളബോധമെന്താണെന്ന് മനസ്സിലായില്ലേയെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ തമാശകലര്‍ന്ന മറുപടി.


bottom of page