ഉമ്മന് ചാണ്ടി ‘സമാഗമ’ത്തില്‍ തന്‍റെ നിലപാടുകള്‍ വ്യക്തമാക്കിയപ്പോള്‍
കേരളം കണ്ടതില്‍ വച്ച് ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. വിവാദങ്ങളുടെ കുത്തൊഴുക്കിനിടയിലും അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവവും ജനസമ്മതിയും ഏറ്റവും ശക്തിയൊടെതന്നെ നിലകൊണ്ടു. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ നിയമസഭയിലെത്തിയ അദ്ദേഹത്തിന്‍റെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്‍റെ റെക്കോഡ്. രണ്ടു തവണയായി ഏഴു വർഷം അദ്ദേഹം കേരള മുഖ്യമന്ത്രിയായി, ജനപ്രിയ പദ്ധതികളുടെ അമരക്കാരനുമായി.അർബുദത്തിനു ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നലെ (18/07/2023) പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം.
ഈയവസരത്തില്‍ അമൃത ടി വിയുടെ ‘സമാഗമം’ പരിപാടിയില്‍ അതിഥിയായെത്തിയ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ ഓര്‍മ്മക്കൂടയില്‍നിന്നും ഉതിര്‍ന്നു വീഴുന്ന സുഗന്ധമൂറുന്ന പുഷ്പങ്ങളാകുന്നു. 2011ല്‍ രണ്ടാമതും മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനുശേഷമായിരുന്നു അദ്ദേഹം ‘സമാഗമ’ത്തില്‍ അതിഥിയായി എത്തിയത്. അവതാരകനായ സംവിധായകന്‍ കമലിന്‍റെ ചോദ്യത്തോടാണ് അദ്ദേഹം പ്രതികരിച്ചത്.
തന്‍റെ മക്കളായ അച്ചു ഉമ്മനും ചാണ്ടി ഉമ്മനും രാഷ്ട്രീയത്തില്‍ വന്നാല് എന്തായിരിക്കും അവരുടെ ഭാവി എന്നതിനെക്കുറിച്ച് ഉമ്മന്‍ ചാണ്ടി സംസാരിച്ചിരുന്നു. ഇരുവരും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പൊഴേ താന്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ഉമ്മന്‍ ചാണ്ടി. അവരുടെ വ്യക്തിപരമായ തീരുമാനത്തിലൊന്നും താന്‍ ഇടപെടുകയില്ല. അവര്‍ക്കിഷ്ടമുള്ള തീരുമാനമെടുക്കാം. പക്ഷേ, മകന്‍, മകള്‍ എന്ന നിലയില്‍ തന്‍റെ പിന്തുണ ഉണ്ടാവുകയില്ല. അങ്ങനെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യരുതെന്നും അവരോട് പറഞ്ഞിട്ടുണ്ടെന്നും രണ്ടുപേരും അത് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മകള്‍ അച്ചു ഉമ്മന്‍ കുറച്ചുനാള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. അതുകഴിഞ്ഞ് വേണ്ടെന്നുവച്ചു. വേണമെന്നു വച്ചപ്പോഴും വേണ്ടെന്ന് വച്ചപ്പോഴും താന്‍ അതില്‍ ഇടപെട്ടിട്ടില്ല. ഇപ്പോള്‍ മകന്‍ ചാണ്ടി ഉമ്മനാണ് സജീവമായി രാഷ്ട്രീയത്തിലുള്ളത്. അപ്പോഴും തന്‍റെ ഒരു പേട്രണേജ് മകന് ഉണ്ടാവുകയില്ലെന്ന് താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിയോടൊപ്പം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും ‘സമാഗമ’ത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട തങ്ങളുടെ ഓര്‍മ്മകളും മറ്റ് രസകരമായ അനുഭവങ്ങളും അവര്‍ പങ്കുവച്ചു. കുട്ടിയായുന്നപ്പോള്‍ ചാണ്ടി ഉമ്മന് അപ്പയെ ഭയമായിരുന്നുവെന്ന് അച്ചു. വല്ലപ്പോഴും മാത്രം കാണാന് കഴിയുന്ന ആളായിരുന്നു അദ്ദേഹം. എന്നാല്‍ ഒരിക്കല്‍ കോണ്‍ഗ്രസ് ആഹ്വാനംചെയ്ത ബന്ദിനെത്തുടര്‍ന്ന് ഒരു ദിവസം മുഴുവന്‍ വീട്ടിലിരുന്ന അപ്പെയെ അന്നാണ് മകന്‍ പരിചയപ്പെട്ടതെന്ന് അച്ചു.
കുടുംബാംഗങ്ങളെല്ലാവരുംകൂടി ഒരുമിച്ച് ഒരു സ്വപ്നയാത്രപോകണമെന്ന് തീരുമാനിച്ചാല്‍ അതെവിടേക്ക് ആയിരിക്കുമെന്ന ചോദ്യത്തിന് ചാണ്ടി ഉമ്മനായിരുന്നു മറുപടി നല്‍കിയത്. അത് മറ്റൊരിടത്തേക്കുമാകില്ല പുതുപ്പള്ളിയിലേക്കായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
വിശ്രമജീവിതത്തിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നും ആളും ആരവവുമൊഴിഞ്ഞ് ഏകാന്തതയെന്നത് താന്‍ ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമാണെന്നും ഉമ്മന്‍ ചാണ്ടി പറയുന്നുണ്ട്.
രാഷ്ട്രീയത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ താന്‍ എഞ്ചിനീയറിങ് പഠനം തിരഞ്ഞെടുത്തേനെയെന്നും അദ്ദേഹം പറഞ്ഞു. ഏറെ വിഷമിപ്പിച്ച വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അമൃത എക്സ്പ്രസ് വിവാദത്തെത്തുടര്‍ന്ന് താന്‍ സെറ്റുമുണ്ടും മുല്ലപ്പൂവും ചൂടുന്നത് നിര്‍ത്തിയെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ. കാര്യങ്ങളുടെ സത്യാവസ്ഥ അറിയാതെ ആളുകള്‍ പ്രതികരിക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണിത്. മാസങ്ങളോളം ആ സംഭവം തങ്ങളെ വേദനിപ്പിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്തായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജനനം. മികച്ച സംഘാടകനും നേതാവുമായിരുന്നു ഉമ്മൻ ചാണ്ടി. പ്രശ്നങ്ങളിൽ അതിവേഗം തീർപ്പുണ്ടാക്കുക എന്നത് അദ്ദേഹത്തിൻ്റെ ശൈലിയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോള്‍ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്.