രസകരമായ ഓര്‍മ്മ പങ്കുവച്ച് പിഷാരടി
ഓണത്തിന് അധികമാര്‍ക്കും കിട്ടിയിട്ടില്ലാത്ത ഒരു കാര്യം ചെയ്തിട്ടുള്ളയാളാണ് താനെന്ന് രമേഷ് പിഷാരടി. അമൃത ടി വിയും രമേഷ് പിഷാരടി എന്‍റര്‍ടെയിന്‍മെന്‍റ്സും ചേര്‍ന്ന് അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ സ്റ്റാന്‍റ് അപ് കോമഡി ഷോ ആയ ‘ഫണ്‍സ് അപ്പോണ്‍ എ ടൈമി’ന്‍റെ വേദിയിലാണ് പിഷാരടി കുട്ടിക്കാലത്തെ രസകരമായ ഓര്‍മ്മ പങ്കുവച്ചത്.
തന്‍റെ വീടിന്‍റെയടുത്തുള്ള വെള്ളൂര്‍ പേപ്പര്‍ കമ്പനിയുടെ ഓണം ഘോഷയാത്ര വളരെ പ്രസിദ്ധമാണ്. ആകെ ആറ് കിലോമീറ്ററെയുള്ളൂവെങ്കിലും വളരെ പതുക്കെയാണ് അത് നീങ്ങുന്നത്. വൈകുന്നേരം 5 മണിക്ക് ആരംഭിച്ചാല്‍ 8.30- 9.00 മണിയോടെയാകും അത് അവസാനിക്കുന്നത്. തങ്ങള്‍ കുട്ടികളൊക്കെ ഘോഷയാത്ര സഞ്ചരിക്കുന്ന വഴികളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഒരു പത്തു പ്രാവശ്യമെങ്കിലും ഓടും.
ഒരോണത്തിന് ഘോഷയാത്ര തുടങ്ങുന്നതിനു മുന്‍പ് ആനയുടെ അടുത്തുചെന്ന് താന്‍ നോക്കിനില്‍ക്കെ അവിടെ ഒരു തര്‍ക്കം നടക്കുകയാണ്. കാരണം, ആനപ്പുറത്തു കയറേണ്ടയാള്‍ മദ്യപിച്ച് ലക്കുകെട്ട് നില്‍ക്കുകയാണ്. ഘോഷയാത്രയ്ക്ക് കുടയുംമറ്റും പിടിച്ച് ആനപ്പുറത്തിരിക്കാന്‍ അയാള്‍ക്ക് പറ്റുന്നില്ല. ഇത്രയ്ക്ക് ലെവലില്ലാത്തയാളെ ആനപ്പുറത്ത് കയറ്റാന്‍ പറ്റില്ലെന്ന് പാപ്പാനും നിലപാടെടുത്തു. അപ്പോള്‍ ആനപ്പുറത്ത് കയറാന്‍ ഒരാളുവേണം. സംഘാടകര്‍ക്ക് മുണ്ടുടുത്ത ആരെയെങ്കിലുമാണ് വേണ്ടത്. താന്‍ മാത്രമാണ് മുണ്ടുടുത്തയാള്‍, ബാക്കി കുട്ടികളെല്ലാം പാന്‍റ്സാണ് ഇട്ടിരിക്കുന്നത്. തന്നോട് ആനപ്പുറത്ത് കയറാമോ എന്ന് സംഘാടകര്‍ ചോദിച്ചു. തനിക്കാകട്ടെ സ്വര്‍ഗ്ഗം കിട്ടിയ അവസ്ഥയായി. തന്‍റെ നാട്ടുകാരുടെയെല്ലാം മുന്നില്‍ക്കൂടി ആനപ്പുറത്തു പോവുകയെന്നത് വലിയ കാര്യമാണ്.
എന്നാല്‍ അവര്‍ ഇതു ചോദിക്കുന്ന സമയത്ത് താന്‍ ഒന്നു മൂത്രമൊഴിക്കണോ വേണ്ടയോ എന്ന് ചിന്തിച്ച് നില്‍ക്കുകയായിരുന്നു. പക്ഷേ, താന്‍ പോയാല്‍ ഈ അവസരം വേറെ ആര്‍ക്കെങ്കിലും കിട്ടും. അതുകൊണ്ട് ഒരു കുഴപ്പവുമില്ല, കയറാമെന്ന് പറഞ്ഞു. ഒരു 4.30-5.00 മണിക്കുതന്നെ താന്‍ ആനപ്പുറത്തുകയറി ഇരിപ്പുറപ്പിച്ചു. 6 മണിക്ക് ഉദ്ഘാടനത്തിനെത്തേണ്ട എംഎല്‍എ എത്തിയപ്പോള്‍ 6.30 മണിയായി. ഘോഷയാത്ര തുടങ്ങിയപ്പോള്‍ 6.45 ആയി. അതു പതുക്കെ നീങ്ങാന്‍ തുടങ്ങി. മണി 8.30 ആയി. തനിക്കാണെങ്കില്‍ മൂത്രമൊഴിക്കാന്‍ മുട്ടിയിട്ട് ഒരു രക്ഷയുമില്ല. ആനപ്പുറത്താണ്. ഒന്നു നിര്‍ത്തിയിട്ട് മൂത്രമൊഴിച്ചോട്ടെയെന്നു ചോദിച്ചാല്‍ നാടുമുഴുവനറിയും. കണ്ണില്‍ നിന്നും പുകയല്ല, പട്ടുനൂലാണ് വരുന്നത്. അതുപോലായി തന്‍റെ അവസ്ഥ. ഇതിനിടെ ദാഹിക്കുന്നുമുണ്ട്. കുടിക്കാന്‍ ഒരു സോഡ തന്നു. അതുകുടിച്ചതോടുകൂടി ഇനി രക്ഷയില്ല എന്ന അവസ്ഥയായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നതിനെക്കുറിച്ച് മലയാളികള്‍ ഭയപ്പെട്ടിരുന്നെങ്കില്‍, തനിക്കതുകേള്‍ക്കുമ്പോള്‍ ഒന്നും തോന്നാറില്ലെന്ന് പിഷാരടി. താനതൊക്കെ അന്ന് അനുഭവിച്ചതാണ്!!!
അപ്പോഴാണ്, ആനപ്പുറത്ത് ഒരു ചാക്കിട്ടാണ് തങ്ങള്‍ ഇരിക്കുന്നതെന്ന് ശ്രദ്ധിച്ചത്. അപ്പോള്‍ ആലോചിച്ചു, കുഴപ്പമില്ല, തട്ടാം. ഇനി രക്ഷയില്ല. മാത്രമല്ല ഇരുട്ടായി. ഇരുട്ടായെന്നാശ്വസിച്ച് ഏകദേശം 8.30-8.45ഓടുകൂടി താന്‍ ആനപ്പുറത്തൊരു തട്ടുതട്ടിയെന്ന് പിഷാരടി. പക്ഷേ, തന്‍റെ കണക്കുകൂട്ടലുകളെയൊക്കെ തെറ്റിച്ചുകൊണ്ട് മൂത്രം ഒഴിച്ചിട്ടും ഒഴിച്ചിട്ടും തീരുന്നില്ല! ചാക്കും നനഞ്ഞ് ആനയുടെ കാലിലൂടെ അതി ഒലിച്ച് റോഡിലേക്കൊഴുകി. തന്‍റെ ശ്രദ്ധയാകട്ടെ റോഡിലൂടെ നടക്കുന്നവരാരെങ്കിലും ഇതു കാണുന്നുണ്ടോ എന്നതിലാണ്. അപ്പോളൊരു ബുദ്ധിതോന്നി, ബാക്കിയുള്ള സോഡ മൂത്രത്തിന്‍റെ മുകളിലേക്കൊഴിച്ചിട്ട്, ആരോടോ എന്നപോലെ പാപ്പാന്‍ കേള്‍ക്കെ പറഞ്ഞു- ‘ആനയുടെ പുറത്തിത്തിരി സോഡ മറിഞ്ഞേ…’