top of page

“അന്ന് പ്രിയദര്‍ശനുമായി വലിയ ഉടക്കായി. ഞാനീ പാട്ടെഴുതില്ല എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി!”

ഓർമ്മകൾ പങ്കുവച്ച് ഷിബു ചക്രവര്‍ത്തി

മലയാളികളില്‍ ഏറെ ഗൃഹാതുരത്വമുണര്‍ത്തുന്ന സൂപ്പര്‍ഹിറ്റ് ഗാനമായിരുന്നു മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍പ്പിറന്നമുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ (1988) എന്ന ചലച്ചിത്രത്തിലെ “ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു…” എന്ന ഗാനം.


പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തിയാണ് ഈ ചിത്രത്തിന് ഗാനരചന നിര്‍വ്വഹിച്ചത്. എന്നാല്‍, ആ പാട്ടിന് രണ്ട് പാഠാന്തരങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഷിബു ചക്രവര്‍ത്തി. ആദ്യം എഴുതിയ വരികള്‍ ഒഴിവാക്കി രണ്ടാമതെഴുതിയതാണ് ചിത്രത്തിലുപയോഗിച്ചത്. അത് തന്നെഏറെ വിഷമിപ്പിച്ച സംഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമൃത ടി വി പഴയകാല ഗാനമേള ഗായകര്‍ക്കായി ഒരുക്കുന്ന സംഗീതവേദിയായ ‘പാടാം നേടാം പണംനേടാ’മെന്ന പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴാണ് അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവച്ചത്. അദ്ദേഹത്തിന്‍റെ വാക്കുകളിലൂടെ…

“എന്നനുജത്തിക്ക് പൂനിലാവില്‍നിന്ന്

പൊന്നിന്നുടയാട തീര്‍ത്തുവച്ചു.

വാനിടം നക്ഷത്ര വൈഡൂര്യ രത്നത്താല്‍

മാലകൊരുക്കയല്ലേ, എന്‍റെ ഓമനയ്ക്കിന്നു ചാര്‍ത്താന്‍!”


കര്‍ക്കിടരാവിന്‍റെ കല്‍പ്പടവില്‍വന്ന്

കാലം കടലാസുതോണി കളിച്ചു.

രാവു വെളുക്കുവാന്‍ ചോരുന്ന കൂരയില്‍

കൂനിയിരുന്നു ബാല്യം, ഇന്നും ഓര്‍മ്മകള്‍ക്കെന്തു ബാല്യം.”

ഇതായിരുന്നു ആദ്യ വേര്‍ഷന്‍. ഈ വരികള്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. ഇതെഴുക്കഴിഞ്ഞതിനുശേഷമാണ് ചിത്രത്തിന്‍റെ സംവിധായകനായ പ്രിയദര്‍ശന്‍ വന്നിട്ട്- ‘എടോ തന്നെയൊക്കെ സമ്മതിച്ചു.പാതിരാത്രിവന്ന് ഒരു സിറ്റുവേഷന്‍ പറഞ്ഞാലും രാവിലെ പാട്ട് റെഡിയായിരിക്കും.’ അത് ഗംഭീരമായെന്നൊക്കെ തോളില്‍ കയ്യിട്ട് പറഞ്ഞപ്പോള്‍ എന്തിനാണ് എന്നെ ഇങ്ങനെ സുഖിപ്പിക്കുന്നതെന്ന് തോന്നിയിരുന്നു. അപ്പോഴാണ് അദ്ദേഹം പറഞ്ഞത്- ഒരു ചെറിയ വ്യത്യാസമുണ്ട്. ഇപ്പോള്‍ സഹോദരി-സഹോദരന്‍ എന്ന ബന്ധത്തെക്കുറിച്ചാണല്ലോ എഴുതിയിരിക്കുന്നത്. ആ സിറ്റുവേഷന്‍ ഒന്നു ചെയിഞ്ച് ആയി. ഇപ്പോള്‍ ആ സിസ്റ്റര്‍ ഇല്ല. ഇതൊന്നു പ്രേമമാക്കണം.


അതുകേട്ട് തനിക്ക് വളരെ ദേഷ്യംവന്നുവെന്ന് ഷിബു ചക്രവര്‍ത്തി. കാരണം, വളരെ അപൂര്‍വ്വമായേ സഹോദരീ-സഹോദരന്‍, അല്ലെങ്കില് മാതൃത്വം തുടങ്ങിയ ബന്ധങ്ങളെക്കുറിച്ചെഴുതാനുള്ള അവസരം കൈവരുന്നുള്ളൂ. തനിക്ക് നാല് സഹോദരിമാരാണ് ഉള്ളത്. ആ സ്നേഹത്തണലിലാണ് താന്‍ വളര്‍ന്നത്. അത്ര കൊതിച്ചെഴുതിയ പാട്ട് ഇനി പ്രേമമാക്കി മാറ്റി എഴുതുകയെന്നത് തനിക്ക് വിഷമമായിരുന്നു. അന്ന് പ്രിയദര്‍ശനുമായി വലിയ അഭിപ്രായവ്യത്യാസമുണ്ടായി. ‘ഞാനീ പാട്ടെഴുതില്ല’ എന്നു പറഞ്ഞ് ഇറങ്ങിപ്പോയി.


സംഗീത സംവിധായകന്‍ ഔസേപ്പച്ചനാകട്ടെ തന്നെ അനുനയിപ്പിക്കാന്‍ മറീനാ ബീച്ചില്‍വരെ കൊണ്ടുപോയി. താന്‍ വേണമെങ്കില്‍ ട്യൂണ്‍ പാടിത്തരാമെന്നും പുതിയ വരികളെഴുതണമെന്നും അദ്ദേഹം സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു. അവസാനം, ഔസേപ്പച്ചന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് താന്‍ “നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍…” എന്ന പ്രണയാര്‍ദ്രമായ പുതിയ വരികളെഴുതിയത്. ആ വരികള്‍ താന്‍ എഴുതുകപോലും ചെയ്തില്ലെന്നും വരികളെല്ലാം എഴുതിയെടുത്തത് ഔസേപ്പച്ചനാണെന്നും ഷിബു ചക്രവര്‍ത്തി ഓര്‍ക്കുന്നു. അങ്ങനെ ‘എന്തെങ്കിലുമാകട്ടെ’യെന്ന് പറഞ്ഞ് താന്‍ ഇഷ്ടമില്ലാതെ എഴുതിയതാണ് ഒരുപാടുപേരുടെ പ്രണയത്തിന് ജീവന്‍ പകര്‍ന്ന വരികളായത്! - അദ്ദേഹം പറഞ്ഞു.


1990-2000 കാലഘട്ടത്തിൽ ഹിറ്റുകളായ നിരവധി മലയാള ചലച്ചിത്ര ഗാനങ്ങൾ ഷിബു ചക്രവര്‍ത്തിയുടെ സംഭാവനകളാണ്‌. 1985-ൽ റിലീസായ ‘ഉപഹാരം’ എന്ന ചിത്രത്തിനാണ് അദ്ദേഹം ആദ്യമായി ഗാനരചന നിർവഹിച്ചത്. മലയാളത്തിൽ ഒരു കാലത്ത് ശ്രദ്ധേയമായ പരസ്യ ജിംഗിളുകളും അദ്ദേഹത്തിന്‍റെ തൂലികയില്‍നിന്നും പിറന്നു.


bottom of page