top of page
  • Facebook
  • Instagram
  • YouTube

“ടെക്നീഷ്യന്‍ മാത്രം അദ്ഭുതങ്ങള്‍ കാട്ടിക്കൂട്ടുന്നതാകരുത് സിനിമ!”

Updated: Feb 22, 2024

ശ്രീകുമാരൻ തമ്പി അതിഥിയായെത്തിയ ‘സംഗീത സമാഗമം’



മലയാള സിനിമയ്ക്ക് ഒരു പുതു ഭാവുകത്വം നല്‍കിയ ബഹുമുഖ പ്രതിഭയാണ് ശ്രീകുമാരൻ തമ്പി.  കവി, ഗാനരചയിതാവ്, നോവലിസ്റ്റ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീത സംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.


ആദ്യകാലത്ത് സത്യജിത് റേയെക്കാളും തന്നെ ആകര്‍ഷിച്ചത് ഗുരുദത്തിന്‍റെ (ചിത്രങ്ങളായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി. അദ്ദേഹത്തിന്‍റെ ‘പ്യാസ’യും ‘കാഗസ് കെ ഫൂലു’മാണ് തന്‍റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത്. അങ്ങനെ ഒരു കവിതയുള്ള സിനിമയാകണം താനെടുക്കുന്നതെന്ന് ആദ്യകാലങ്ങളില്‍ ആഗ്രഹിച്ചിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി ഓര്‍ക്കുന്നു. അമൃത ടി വിയുടെ ‘സംഗീത സമാഗമം’ എന്ന പഴയകാല ടോക് ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അദ്ദേഹം തന്‍റെ സിനിമാ സങ്കല്‍പ്പങ്ങള്‍ പങ്കുവച്ചത്. 



ടെക്നീഷ്യന്‍റെ മാത്രം അദ്ഭുതങ്ങള്‍ കാട്ടിക്കൂട്ടുന്നതാകരുത് സിനിമ എന്നു വിശ്വസിക്കുന്നയാളാണ് താന്‍. അതില്‍ കലയുണ്ടാകണം- ആര്‍ട്ട്. മറ്റേത് കരകൌശലം മാത്രമായിപ്പോകും- ക്രാഫ്റ്റ്. കരകൌശലം മാത്രമാകരുത് സിനിമ. അതില്‍ കലയുണ്ടാകണം. ഒരിക്കല്‍ ശ്രീ. പി ഭാസ്ക്കരന്‍ ഒരു പത്രപ്രവര്‍ത്തകനോട് പറഞ്ഞ രസകരമായ കാര്യം അദ്ദേഹം പങ്കവച്ചു. ‘ഉദയം’ എന്ന ചിത്രത്തിന്‍റെ പ്രിവ്യൂ മദ്രാസില്‍ നടക്കുന്നു. അതൊന്നും സിനിമയല്ല, പി ഭാസ്ക്കരനൊക്കെ അധഃപതിച്ചുപോയി, ‘നീലക്കുയിലും’ മറ്റും എടുത്ത പി ഭാസ്ക്കരനൊക്കെ ഇപ്പോള്‍ കൊമേഴ്സ്യല്‍ പടമെടുക്കുകയാണെന്ന് നിരൂപകര്‍ പറയുന്ന കാലമാണ്. അത്തരത്തില്‍ വാദിക്കുന്ന വളരെ ശക്തനായ ഒരു നിരൂപകനും പ്രിവ്യൂവിന് എത്തിയിരുന്നു.  പ്രിവ്യൂ കഴിഞ്ഞിറങ്ങുമ്പോള്‍ ഭാസ്ക്കരന്‍ മാഷ് അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. “ക്ഷമിക്കണം, ഇത് ആര്‍ട് ഫിലിമല്ല. ഹാര്‍ട്ട് ഫിലിമാണ്. തമ്പിയാണ് എഴുതിയത്. ഞാനാണ് സംവിധാനം ചെയ്തത്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഹൃദയം വളരെ പ്രധാനമാണ്. ഹൃദയസ്പര്‍ശിയായിരിക്കണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുള്ളതുകൊണ്ട് നിങ്ങള്‍ ഇതില്‍ ആര്‍ട്ട് ഒരുപാടന്വേഷിക്കരുത്, ഹാര്‍ട്ട് അന്വേഷിച്ചാല്‍ ചിലപ്പോള്‍ കിട്ടും.”

 

1966-ൽ, പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ മെറിലാൻഡിന്‍റെ ഉടമ ശ്രീ. പി. സുബ്രഹ്മണ്യത്തിന്‍റെ ‘കാട്ടുമല്ലിക’ എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങൾ രചിച്ചുകൊണ്ടായിരുന്നു ശ്രീകുമാരൻ തമ്പി സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. എഴുപത്തെട്ട് ചലച്ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി. തോപ്പിൽ ഭാസിക്കും എസ്.എൽ. പുരത്തിനും ശേഷം മലയാളസിനിമക്കുവേണ്ടി ഏറ്റവും കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ള എഴുത്തുകാരനാണ് അദ്ദേഹം. 1974-ൽ ‘ചന്ദ്രകാന്തം’ എന്ന സിനിമയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി അരങ്ങേറി. മുപ്പത് സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം 22 എണ്ണം നിർമ്മിക്കുകയും ചെയ്തു.


‘സംഗീത സമാഗമ’ത്തിന്‍റെ പഴയ എപ്പിസോഡുകള്‍ കാണാന്‍ സന്ദര്‍ശിക്കുക- https://www.youtube.com/@AmritaTVArchives 

 
 
 

Amrita Television, Gandhi Nagar, Vazhuthacaud,
Thiruvananthapuram - 695014,  Tel : +91-4
71-2321500, 2328901
Fax : +91-471-2328900, Email : info@amritatv.com

© Copyright 2023 Amrita Television. All rights reserved

bottom of page